Showing posts with label Malayalam Flakes. Show all posts
Showing posts with label Malayalam Flakes. Show all posts

Thursday, October 20, 2011

അനാഥമായൊരു മുറിഞ്ഞ വാക്ക്...


സോഫമേല്‍ ചാരിക്കിടന്നു 
നൂറ്റാണ്ടുകള്‍ പഴക്കമില്ലാത്ത 
ഒരുപുത്തന്‍ വാക്ക് സ്വപ്നം കണ്ടു 
അപ്പോഴുണ്ടു വിദൂരതയില്‍ നിന്നെന്നപോലെ 
ഒരു വാക്കിന്റെ നേര്‍ത്ത ഗന്ധം 
നാസികയില്‍ കൊണ്ടു
ഉറക്കച്ചടവോടെ ഞാന്‍ എണീറ്റു പുറത്തുവന്നു 
മുറ്റത്തൊരു വാക്ക് ജനിച്ചുകിടക്കുന്നു 
അലസമായി ഞാനതുകൈവെള്ളയില്‍ പൊതിഞ്ഞെടുത്തു 
രഹസ്യമായി 
അകത്തു മേശമേല്‍ കൊണ്ടുപോയി കുത്തിനിര്‍ത്തി 
അര്‍ഥം തിരഞ്ഞുപിടിച്ചു തിരിച്ചുവന്നപ്പോള്‍ 
രണ്ടക്ഷരങ്ങള്‍ കളവുപോയി 
മുറിഞ്ഞ വാക്ക് ....മുറിഞ്ഞ അര്‍ഥം!

ബാക്കിവച്ച വാക്കിനെ തിരുകിക്കയറ്റാനായി
ഞാനൊരു വരി മെനഞ്ഞെടുത്തു
വരിക്കുള്ളില്‍ വാക്ക് ഞെരുങ്ങിയിരുന്നു ഞരങ്ങി 
വരിക്കു വാക്കിനോട് പ്രണയം തോന്നിയില്ല 
വാക്കിനു വരിയോടും... 
മുറിഞ്ഞ വാക്കിനെ വെര്‍പെടുത്തിയാലും
വരി പൂര്‍ണമായിരുന്നു, അര്‍ദ്ധപൂരിതമായിരുന്നു   
നിഷ്ഫലതയോര്‍ത്തു കരഞ്ഞുമടുത്ത വാക്ക് 
മുറിഞ്ഞ ശരീരത്തോടെ വേച്ച് വേച്ച് 
വരിയില്‍നിന്നുമിറങ്ങി നടന്നു 
അനാഥമായി....മൂകമായി.... 
അര്‍ഥം പകര്‍ന്നുനല്‍കാനായി...
അര്‍ദ്ധമില്ലാത്തൊരു വരിതേടി
ആരോ എഴുതിയുപേക്ഷിച്ചുപോയ ഒരുവരിതേടി...!!

Friday, July 29, 2011

പ്രതിഫലനങ്ങള്‍

മുഖത്തിന്റെ പുഞ്ചിരി കണ്ണാടിയില്‍ ചിതറിക്കിടക്കുന്നു...മുഖത്തിന്റെ പ്രതിഫലനം യഥാര്‍ത്ഥ മുഖത്തെ അയഥാര്‍ത്ഥമാക്കുന്നു. മുഖം മാത്രമല്ല മനസ്സിന്റെ വേരുകള്‍ പോലും അയഥാര്‍ത്ഥമായൊരു പ്രതിഫലനമാണെന്ന് തോന്നിപ്പോകുന്നു. യഥാര്‍ത്ഥ്യത്തെ അയഥാര്‍ത്ഥമാക്കുന്നതാണോ പ്രതിഫലനം? അതോ യാഥാര്‍ത്ഥ്യത്തിന്റെ യാഥാര്‍ത്ഥ്യത്തെ  വരച്ചുകാട്ടുന്നതോ? 

യാഥാര്‍ത്ഥ്യം നിലയ്ക്കാത്ത ശബ്ദം പോലെയാണ്. മൌനം ശബ്ദത്തിന്റെ നിലച്ചിലാണെന്നത് വെറും തോന്നലാണോ? ശബ്ദത്തിന്റെ തിളക്കത്തില്‍ മൌനത്തിന്റെ അഴല്‍ ഇരുട്ടില്‍ അലിഞ്ഞു പോകുന്നു. ഇരുട്ടില്‍ നിന്നും വെര്‍പെടുത്താനകാത്ത കറുത്ത മൌനം. മൌനം മൌനത്തിന്റെതായ രൂപം തിരഞ്ഞാല്‍ ? മൌനം എപ്പോഴും ഒരു ഇടവേള മാത്രമായിപ്പോകുന്നു. രണ്ടു ശബ്ദങ്ങല്‍ക്കിടയിലെ ഒരു ഇടവേള...രണ്ടു വാക്കുകള്‍ക്കിടയിലെ കൊച്ചു ശൂന്യത...ശബ്ദത്തിന്റെ നിഴല്‍ ...നിഴലുകള്‍ക്ക്  യാഥാര്‍ത്ഥ്യത്തെക്കാള്‍ വ്യാപ്തിയും മൌനത്തിനു ശബ്ദത്തേക്കാള്‍ ആഴവുമുണ്ടോ? അളക്കാനകാത്ത രണ്ടു ഭിന്നതകളെ അളക്കാന്‍ ശ്രമിക്കുന്നത് യാഥാര്‍ത്ഥമെന്ന് സ്വയം ധരിക്കുന്ന അയാഥാര്‍ത്ഥ്യത്തിന്റെ  വിഡ്ഢിത്തം ? മനസ്സ് പ്രതിഫലനങ്ങളില്‍ ചാരിനില്‍ക്കുന്നു...പ്രതിഫലനങ്ങളില്‍ ജീവിക്കുന്നു...പ്രതിഫലനങ്ങളില്‍ സ്വയം നഷ്ട്ടപ്പെടുന്നു. കണ്ണാടിയില്‍ ചിതറിക്കിടക്കുന്ന പുഞ്ചിരിക്ക് കൂടുതല്‍ സൗന്ദര്യം...പ്രതിഫലനങ്ങള്‍ അങ്ങനെ വിശ്വസിപ്പിക്കുന്നു...പെറുക്കിയെടുത്തു തിരികെ വയ്ക്കാന്‍ കഴിയാതെ ഉടഞ്ഞു ചിതറിപ്പോയ    യാഥാര്‍ത്ഥ്യം...ശബ്ദത്തിന്റെ ഗര്‍ജനങ്ങളില്‍ സ്വയം നിശ്വാസമടക്കുന്ന മൌനം........